അല്ലു അർജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്, സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു

പുഷ്പ 2 റിലീസ് ദിനം സ്ത്രീ മരിച്ച വിവരം പൊലീസ് അറിയിച്ചില്ലെന്ന നടൻ അല്ലു അർജുന്റെ വാദം പൊളിച്ച് തെല്ലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു. ഷോ പൂർത്തിയാകും മുൻപ് ഡിസിപിക്കൊപ്പം അല്ലു പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടൻ ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികരണം അനുകൂലം അല്ലാത്തതിനാൽ എസിപി തന്നെ നടനോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും, ഷോ പൂർത്തിയാകും വരെ തിയേറ്ററിൽ തുടരുമെന്ന് അല്ലു മറുപടി നൽകിയതായും പൊലീസ് പറഞ്ഞു. തുടർന്ന് എസിപി ഡിസിപിയെ ബാൽകാണിയിലേക്ക് വിളിച്ചു കൊണ്ടു വന്ന് നടനെ പുറത്തിറക്കിയെന്നാണ് പൊലീസ് വാദം.