എം.വി ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.
പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും കേസില്‍ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ ഹാജരാവാതിരുന്നതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നും പിന്മാറാന് ഇടനിലക്കാരന് വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം.
മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് കാട്ടിയാണ് ഗോവിന്ദന് കോടതിയെ സമീപിച്ചത്. സ്വപ്നക്കെതിരെ സി.പി.എം ഏരിയ സെക്രട്ടറി നല്കിയ പരാതിയില്‍ പൊലിസും കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.