Cancel Preloader
Edit Template

സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും

 സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ​ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, രണ്ടാം മന്ത്രിസഭയിലെ പലരും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ല. നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അം​ഗമെന്ന നിലയിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രിസ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ​ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം ഇന്ന് രാവിലെ നിർദേശിക്കുകയായിരുന്നു. ഏത് വകുപ്പാണെന്നതടക്കം വൈകാതെ പ്രഖ്യാപിക്കും. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അം​ഗമെന്ന ഭാരം ഇല്ലെന്നും, മറ്റാർക്കും ചെയ്യാനാകാത്തത് വീറും വാശിയോടും ചെയ്യുമെന്നും സുരേഷ് ​ഗോപി.മോദിക്കൊപ്പം അൻപതോളം മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതാണ് നിലവിൽ പരി​ഗണനയിലുള്ളത്. രണ്ടാം മോദി മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന19 പേർ തെര‍ഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

ഇവരിൽ പലരും ഇത്തവണ മന്ത്രിസഭയിലുണ്ടാകില്ല. അമിത് ഷാ മന്ത്രിസഭയിലുണ്ടാകും. രാജ്നാഥ് സിം​ഗ്, പീയൂഷ് യോ​ഗൽ, എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ തുടരും. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെപി നദ്ദ, മുതി‌ർന്ന നേതാക്കളായ മനോഹർലാൽ ഖട്ടർ, ശിവരാജ് സിം​ഗ് ചൗഹാൻ എന്നിവരും പരി​ഗണനയിലുണ്ട്. മികച്ച വിജയം നേടിയ യുവ നേതാക്കളായ ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ, വസുന്ധരെ രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിം​ഗ്, ബം​ഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ എന്നിവരും പരി​ഗണനയിലുണ്ട്. സഖ്യകക്ഷികളിൽനിന്നും ചിരാ​ഗ് പാസ്വാൻ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പാണ്. ടിഡിപി 6 ഉം ജെഡിയു 4 ഉം കേന്ദ്രമന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ഇതിൽ ചർച്ച തുടരുകയാണ്. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ടിഡിപി ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ലെന്നാണ് സൂചന

Related post

Leave a Reply

Your email address will not be published. Required fields are marked *