ഗ്യാന്‍വാപിയില്‍ പൂജ തുടരാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിന്റെ തെക്കേ നിലവറയില്‍ പൂജ തുടരാമെന്ന് സുപ്രിംകോടതി. പൂജ അനുവദിച്ച കീഴ്‌കോടതി വിധി ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മസ്ജിദ് പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി നല്‍കിയ ഹർ ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ജനുവരി 17, ജനുവരി 31 തീയ്യതികളിലെ കോടതി ഉത്തരവുകള്‍ക്ക് ശേഷവും തടസമില്ലാതെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നമസ്‌കാരം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഹിന്ദു പുരോഗിതന്മാര്‍ പൂജകള്‍ തെഹ്ഖാനയില്‍ മാത്രം ഒതുക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് ഇരുവിഭാഗങ്ങളും ആരാധന നടത്തുന്ന നിലവിലെ സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. ജൂലൈയില്‍ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മസ്ജിദിന്റെ തെക്കേ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഹിന്ദു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്ന് ജില്ലാകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 1993 ഡിസംബര്‍ വരെ നിലവറയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നെന്ന് അവകാശപ്പെടുന്ന സോമനാഥ് വ്യാസ് എന്ന പുരോഹിതന്റെ പിന്തുടര്‍ച്ചാവകാശിയായ ശൈലേന്ദ്ര കുമാര്‍ പതക് ആണ് ഇപ്പോള്‍ പ്രാര്‍ത്ഥന നടത്തുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ കാലത്ത് പൂജ നിര്‍ത്തിവെക്കുയായിരുന്നുവെന്ന് ശൈലേന്ദ്ര കുമാര്‍ പതക് ജില്ല കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ സൂചിപ്പിരുന്നു.
എന്നാല്‍ ഹർജി കേള്‍ക്കുന്നതിനിടെ മുസ്‌ലിം വിഭാഗം വിചാരണക്കോടതിയുടെ മുമ്പാകെയുള്ള ഹർജിക്കാരന്റെ വാദത്തെ എതിര്‍ത്തിരുന്നു. നിലവറയില്‍ വിഗ്രഹങ്ങളൊന്നും നിലവിലില്ലെന്നും അതിനാല്‍ 1993 വരെ അവിടെ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമില്ലെന്നുമായിരുന്നു ഇവരുടെ വാദം. ബിട്ടീഷ് ഭരണകാലത്തും നിലവറയുടെ നിയന്ത്രണം തന്റെ കുടുംബത്തിനായിരുന്നുവെന്ന് ശൈലേന്ദ്ര കുമാര്‍ അവകാശപ്പെട്ടിരുന്നു. ഇയാളുടെ അവകാശ വാദത്തേയും കീഴ്‌കോടതി വിധിയെയും ചോദ്യം ചെയ്താണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.