ഗസൽ സംഗീതത്തിന്റെ സുൽത്താൻ, പദ്മശ്രീ പങ്കജ് ഉധാസ് അന്തരിച്ചു
ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ് ഉധാസ് 72 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്.‘ചിട്ടി ആയി ഹേ’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഗസൽ സംഗീതം ആരാധകരുടെ ഹൃദയത്തിൽ പകർത്തിയ അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഫരീദയാണ് പങ്കജ് ഉധാസിന്റെ ഭാര്യ.ഗുജറാത്തിലെ ജറ്റ്പുർ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. സംഗീത താൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലേക്ക് അതിമനോഹരമായി പകർന്നേകാൻ സാധിച്ചു എന്നതായിരുന്നു പങ്കജ് ഉധാസിന്റെ ഏറ്റവും വലിയ മികവ്. പങ്കജ് ഉധാസിന്റെ അന്ത്യത്തിൽ രാഷ്ട്രീയ – സാസ്കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖർ അനുസ്മരിച്ചു.
പങ്കജ് ഉധാസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. സംഗീത ലോകത്തിനു നികത്താനാകാത്ത നഷ്ടമെന്നാണ് നരേന്ദ്രമോദി അനുശോചന കുറിപ്പിൽ പറഞ്ഞത്. തലമുറകൾ നെഞ്ചേറ്റിയ ഈണങ്ങളായിരുന്നു പങ്കജിന്റേതെന്നും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.