കേരളത്തിൽ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍; അവസാന തീയതി ഏപ്രില്‍ നാല്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ സമര്‍പ്പിക്കാം. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.
അവസാന തീയതി ഏപ്രില്‍ നാല് ആണ്. അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പത്രിക നല്‍കും. 10.30 ന് കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ഉള്ള സി.ഐ.ടി.യു ഓഫിസില്‍ നിന്ന് നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പം എത്തിയാകും പത്രിക നല്‍കുക