ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ശ്രീജേഷ് പതാകയേന്തും

പാരിസ്: ഒളിംപിക്സ് സമാപനത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും. ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ശ്രജേഷിനൊപ്പം ഇന്ത്യന്‍ പതാകയേന്തും. ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം.
ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്‍കിയ സംഭാവനയ്ക്കുള്ള ആദരമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി. ഞായറാഴ്ചയാണ് ഒളിംപിക്സ് സമാപനം. ഈ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 1992ല്‍ ഷൈനി വില്‍സനും 2004ല്‍ അഞ്ജു ബോബി ജോര്‍ജും ഒളിംപിക്‌സില്‍ ഇന്ത്യന്‍ പതാക വഹിച്ചിട്ടുണ്ട്.
ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.