Cancel Preloader
Edit Template

ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ

 ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ

കൊല്ലം: ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ചാണ് ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. ഓണം ഉള്‍പ്പെടെയുള്ള ഉത്സവ സീസണുകളില്‍ കേരളത്തിലേക്കുള്ള യാത്രാ ദുരിതം ദുരന്തപൂര്‍ണമാകുന്നതിനിടെയാണ് റെയില്‍വേയുടെ വിവാദ തീരുമാനം.

മറ്റുസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും ഇത് തിരിച്ചടിയാണ്. ജനുവരി മുതല്‍ തീരുമാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ആദ്യഘട്ടത്തില്‍ 15 ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഇതില്‍ കേരളത്തിലൂടെ കടന്നുപോകുന്ന എട്ട് ട്രെയിനുകള്‍ ഉള്‍പ്പെടും. തീരുമാനം ഹ്രസ്വ ദൂര യാത്രികര്‍ക്ക് ഗുണകരമാണെങ്കിലും ദീര്‍ഘദൂര യാത്രക്കാരെ ദുരിതത്തിലാക്കും.

കേരളത്തിലൂടെ കടന്നുപോകുന്ന ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ – ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ്, തിരുവനന്തപുരം സെന്‍ട്രല്‍ -മധുര അമൃത എക്സ്പ്രസ്, എറണാകുളം -വേളാങ്കണ്ണി എക്സ്പ്രസ്, പുതുച്ചേരി – മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (രണ്ട് ട്രെയിനുകള്‍), ചെന്നൈ സെന്‍ട്രല്‍ – പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് എന്നിവയില്‍ ഒരു ജനറല്‍ കോച്ചാണ് അധികമായി ഏര്‍പ്പെടുത്തുക. ഒരു സ്ലീപ്പര്‍ കോച്ച് കുറയ്ക്കും. കൊച്ചുവേളി -നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസില്‍ രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ ഒഴിവാക്കും. പകരം രണ്ട് ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തും.

ഭൂരിഭാഗം ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകളില്‍ പരമാവധി രണ്ടു മുതല്‍ മൂന്നുവരെ ജനറല്‍ കോച്ചുകളാണ് ഉണ്ടാവുക. ഇതില്‍ ഒരെണ്ണം മിക്കപ്പോഴും അംഗ പരിമിതര്‍ക്കും സ്ത്രീകള്‍ക്കുമായി സംവരണം ചെയ്തവയായിരിക്കും. കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ഈ കോച്ചുകളില്‍ യാത്രചെയ്യുന്നവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.
അതേസമയം, സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടി കേരളത്തിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിക്കും. സൂപ്പര്‍ ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടി കുറയ്ക്കുന്നത് റെയില്‍വേയുടെ പ്രഖ്യാപിത നയത്തിന് എതിരാണ്.

തീരുമാനം നടപ്പാകുന്നതോടെ 75 മുതല്‍ 150 വരെ ബര്‍ത്തുകളുടെ എണ്ണം കുറയും. രാവും പകലും സര്‍വിസ് നടത്തുന്ന ഈ ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന ദീര്‍ഘദൂര യാത്രികരെ ഇത് പ്രതികൂലമായി ബാധിക്കും. പലരും കുടുംബസമേതമാണ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നത്.

യാത്രക്കാരുടെ തിരക്ക് കുറയ്ക്കാന്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഇതിനായി 10,000 ജനറല്‍ കോച്ചുകള്‍ പുതുതായി നിര്‍മിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ചാണ് ഇത് നപ്പാക്കുകയെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിരുന്നില്ല. ദക്ഷിണറെയില്‍വേയുടെ തീരുമാനം സംബന്ധിച്ച് സമ്മിശ്രപ്രതികരണങ്ങളാണ് വരുന്നത്.

തീരുമാനം അനുസരിച്ച് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണത്തില്‍ വര്‍ധനയൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. സ്ലീപ്പര്‍ കോച്ചുകള്‍ നിലനിര്‍ത്തി തന്നെ ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യമാണ് യാത്രക്കാര്‍ക്കുള്ളത്. ഈ ആവശ്യമുന്നയിച്ച് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ഭാരവാഹികള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *