വാടകവീട്ടിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ

വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ ബുദ്ധിമുട്ടിലായി. തൃപ്പൂണിത്തുറ ഏരൂരിലാണ് ഇതാരുടെ സംഭവമുണ്ടായത് . അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ പോലീസിനെ വിളിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചിട്ടുണ്ട്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.