കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട; കണ്ടെത്തിയത് ആറരക്കിലോ കഞ്ചാവ്
കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. എക്സൈസും റെയിൽവേ പോലീസും നടത്തിയ സംയുക്ത റെയ്‌ഡിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഓഫീസ് കണ്ണൂരിൻ്റെ അധിക ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.സ്‌റ്റേഷന്റെ വടക്കുവശത്തായി സ്ഥിതിചെയ്യുന്ന റെയിൽവെ മസ്ദൂർ യൂനിയൻ കണ്ണൂർ എന്ന പേരിൽ ബോർഡുള്ള കെട്ടിടത്തിന്റെ സമീപത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 6.7 കിലോഗ്രാം കഞ്ചാവ് ശേഖരം കണ്ടെത്തിയത്. റെയ്ഡ് ഭയന്ന് കടത്തുകാരൻ കഞ്ചാവ് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവും മയക്കുമരുന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും വ്യാപകമായി കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയിൽവെ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയത്. ആന്ധ്ര,ഒഡീഷ, ബിഹാർ കർണാടക എന്നിവടങ്ങളിൽ നിന്നാണ് ലഹരി ഒഴുകുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായവരിൽ കൂടുതൽ. കണ്ണൂരിൽ മയക്കുമരുന്ന് വേട്ട തടയുന്നതിനാൽ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫും ലോക്കൽ പൊലിസും രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്.