കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കൊച്ചി: കൊക്കെയ്ന്‍ ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളെ വെറുതെവിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കൊക്കയ്ന്‍ ലഹരി കേസാണിത്.
എട്ട് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു.
2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈനിനെ കൂടാതെ മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്.
പ്രതികള്‍ക്കായി അഡ്വ രാമന് പിള്ള, കെ ആര് വിനോദ് , ടി ഡി റോബിന്, പി.ജെ പോള്‍സണ്‍, മുഹമ്മദ് സബ തുടങ്ങിയവര്‍ ഹാജരായി. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജ് ജോസഫും ഹാജരായി.