ശരദ് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടി: അജിത് പവാര്‍ പക്ഷം യഥാര്‍ത്ഥ എൻസിപി; മഹാരാഷ്ട്ര സ്പീക്കർ

അജിത് പവാര്‍ പക്ഷത്തിന് അനുകൂലമായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ വിധി. എംഎൽഎമാരുടെ അയോഗ്യതാ പ്രശ്നത്തിൽ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ രാഹുൽ നൽവേക്കർ വിധി പറഞ്ഞത്. ഇതോടെ അജിത് പവാർ വിഭാഗം യഥാർത്ഥ എൻ സി പിയായി മാറി. തെരഞ്ഞെടുപ്പ് കമ്മിഷനും അജിത് പവാർ വിഭാഗത്തിന് അംഗീകാരം നൽകിയിരുന്നു. അജിത് പവാറിനൊപ്പം നിൽക്കാതിരുന്ന ശരദ് പവാര്‍ വിഭാഗം അംഗങ്ങളെ അയോഗ്യരാക്കണമെന്നും സ്പീക്കര്‍ക്ക് മുന്നിൽ പരാതി ഉണ്ടായിരുന്നു. ഇതോടെ ശരദ് പവാറിനൊപ്പമുള്ളവര്‍ കൂടുതൽ പ്രതിസന്ധിയിലാവും.
എൻസിപി പിളര്‍പ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഹർജി പരിഗണിച്ച സുപ്രീം കോടതി, സ്പീക്കറോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ വിധി പറഞ്ഞത്. പാർട്ടി പിളർത്തി ബിജെപി ക്യാംപിൽ എത്തിയ അജിത് പവാർ അടക്കമുള്ള എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു ശരദ് പവാർ വിഭാഗത്തിന്റെ ആവശ്യം. അജിത് പക്ഷം തിരിച്ചും പരാതി നൽകിയിരുന്നു. ഇരു വിഭാഗത്തിന്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇരു പാർട്ടി ഘടകങ്ങളുടെയും വിപ്പിൽ വ്യക്തത വരുത്തുന്നതിനും സ്പീക്കറുടെ തീരുമാനം നിർണായകമായിരുന്നു.