Cancel Preloader
Edit Template

പൊലീസ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ഷാഫി; നുണ പറഞ്ഞു, വ്യാജരേഖയുണ്ടാക്കിയെന്നും ആരോപണം

 പൊലീസ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ഷാഫി; നുണ പറഞ്ഞു, വ്യാജരേഖയുണ്ടാക്കിയെന്നും ആരോപണം

പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയില്ലെന്ന് എഎസ്‌പി പറഞ്ഞു. എന്നാൽ തിരച്ചിൽ നടത്തിയ പൊലീസുകാർ രഹസ്യ വിവരം കിട്ടിയിട്ടാണ് വന്നതെന്ന് പറഞ്ഞു. എഎസ്‌പി എല്ലാ മുറികളും പരിശോധിച്ചെന്ന് പറഞ്ഞപ്പോൾ സേർച്ച് നടത്തിയ പൊലീസുകാർ കോൺഗ്രസുകാരുടെ മുറികൾ മാത്രം പരിശോധിച്ചെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ 2 റൂമിൽ പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്. അത് പോലും വ്യക്തമായി എഴുതി തന്നില്ല.

കേരളത്തിലെ പൊലീസ് കള്ളന്മാരെക്കാൾ മോശപ്പെട്ടതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കള്ളന്മാർ ഇത്രയും മോശം പണിയെടുക്കില്ല. 12.02 ന് വാതിലിൽ മുട്ടി തുടങ്ങിയ പരിശോധന. ആർഡിഒ എത്തിയത് 2.40 ന്. അവർക്ക് ഇൻഫർമേഷൻ കൊടുക്കാതെയാണ് പൊലീസെത്തിയത്. രാത്രി 12 മണിക്ക് മുറിയിൽ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാൻ പറയാൻ പറ്റുമോ? ഐഡി കാർഡ് ചോദിച്ചത് തെറ്റാണോയെന്നും ഷാഫി ചോദിച്ചു.

ടിവി രാജേഷിൻ്റെയും വിജിൻ എംഎൽഎയുടെയും റൂമുകളിൽ പരിശോധന നടന്നെങ്കിൽ എന്തുകൊണ്ടാണ് കോൺഗ്രസിൻ്റെ വനിതാ നേതാക്കളുടെ റൂമുകളിൽ പരിശോധന നടന്നത് മാത്രം വാർത്തയായത്. ആസൂത്രിതമായി നടത്തിയ പരിശോധനയാണ്. എഎ റഹീം എംപി കള്ളം പറയൽ അലങ്കാരമായി കൊണ്ടുനടക്കരുത്. രാത്രി 12 മണിക്ക് ഭർത്താവുണ്ടെങ്കിലും ബിന്ദു കൃഷ്ണയുടെ ബാഗിൽ അവ‍ർ ഉപയോഗിക്കുന്ന സാധനങ്ങൾ പുരുഷ പൊലീസുകാർ പരിശോധിച്ചതിൻ്റെ ഗൗരവം മനസിലാക്കണം. യാതൊരു പ്രോട്ടോക്കോളും പൊലീസ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *