സുരക്ഷാപ്രശ്‌നം; ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ നീക്കം ചെയ്യാന്‍ പൊലിസ് നോട്ടിസ് നല്‍കി

കൊച്ചി : ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ നീക്കാന്‍ പൊലിസിന്റെ നോട്ടിസ്. ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ നീക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ല എന്നും സുരക്ഷാപ്രശ്‌നം ഉണ്ടാകുമെന്നുമാണ് പൊലിസ് നോട്ടിസില്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും സമാനമായ പ്രശ്‌നം ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായിരുന്നു.
ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമീപത്ത് തന്നെ ഫോര്‍ട്ടുകൊച്ചി കടപ്പുറത്തും പുതുവര്‍ഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്. ഒരേസമയം രണ്ടു പരിപാടികള്‍ നടന്നാല്‍ രണ്ടിനും മതിയായ സുരക്ഷ നല്‍കാനാകില്ല എന്നാണ് പൊലീസ് നിലപാട്.
കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്.
നോട്ടിസ് ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനകം നിര്‍മാണത്തിലിരിക്കുന്ന പാപ്പാഞ്ഞിയെ മാറ്റണമെന്നും അതല്ലെങ്കില്‍ പുതുവത്സര ദിനത്തില്‍ മറ്റാരെങ്കിലും ആ പാപ്പാഞ്ഞിയെ കത്തിച്ചാല്‍ അത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കിയ നോട്ടിസില്‍ പറയുന്നു.