രണ്ടാംഭാര്യയ ബന്ദിയാക്കി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കതിരൂരില്‍ രണ്ടാം ഭാര്യയെ വീട്ടിനകത്ത് ബന്ദിയാക്കി മര്‍ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കതിരൂര്‍ പൊലീസ് േെസ്റ്റഷന് പരിധിയിലെ വയല്‍പീടിക ശ്രീനാരായണമഠത്തിന് സമീപം കോയ്യോടന്‍ വീട്ടില്‍ കെ വി പത്മനാഭനെ (55)യാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ വി മൃദുല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പത്മനാഭന്റെ രണ്ടാം ഭാര്യ നായാട്ടുപാറ കോവൂരിലെ ശ്രീജ (36)യെയാണ് കൊലപ്പെടുത്തിയത്. 2015 ഒക്ടോബര്‍ ആറിന് രാത്രി പത്തിന് പ്രതിയുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. അടുക്കളയില്‍ പാത്രം കഴുകുന്നതിതിനിടെയാണ് ശ്രീജ ആക്രമിക്കപ്പെട്ടത്. അടുക്കള പൂട്ടി കത്തികൊണ്ട് ദേഹമാസകലം കുത്തിയും ഇരുമ്പ് സ്റ്റൂള് കൊണ്ട് പത്മനാഭന് തലക്കടിച്ചും കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2008ലായിരുന്നു ഇവരുടെ വിവാഹം. ശ്രീജക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.
അന്നത്തെ കതിരൂര്‍ എസ് ഐയായിരുന്ന സുരേന്ദ്രന് കല്ല്യാടന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂത്തുപറമ്പ് സിഐ ആയിരുന്ന കെ പ്രേം സദനാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ ജയറാംദാസ് ഹാജരായി.
കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായ പ്രതിയുടെ അമ്മ, സഹോദരി എന്നിവര്‍ കൂറുമാറിയിരുന്നു. കൊലപാതകത്തിനിടെ പ്രതിയുടെ കൈകള്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ഡോക്ടര്‍ ഗോപകുമാര്‍, ശ്രീജയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പോസ്റ്റുമോര്‍ട്ടം വിദഗ്ദ്ധന് ഡോ. ഗോപാലകൃഷ്ണപിളള, അയല്‍വാസികളായ ടി.കുമാരന്, ഷിജോയ്, ജിമേഷ്, ബാബു എന്നിവരുടെ മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. പ്രൊസിക്യൂഷനുവേണ്ടി ഇരുപത്തിനാല് സാക്ഷികളെ വിസ്തരിച്ചു. 42-രേഖകളും 26തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.