രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്;നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്ത്യന്‍ സാമ്പത്തിക മേഖല കുതിക്കുകയാണ് എന്നവകാശപ്പെടുമ്പോഴും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നിര്‍മ്മല സീതാരാമന്റെ അവസാന ബജറ്റില്‍ ഇത് മറികടക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും എന്നാണ് സൂചന.
നിലവില്‍ ശമ്പള നികുതി ദായകര്‍ക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. കോവിഡ് 19ന് ശേഷമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെഡിക്കല്‍ ഇന്‍ഷുറന്‍സിനുള്ള പരിധി 25,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 1,0000 രൂപയായി ഉയര്‍ത്തും.
വ്യക്തിഗത ആദായനികുതിയുടെ ഉയര്‍ന്ന സര്‍ചാര്‍ജ് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി കുറച്ച നടപടി തുടര്‍ന്നേക്കും. 30,000 രൂപയ്ക്ക് മുകളില്‍ ആദായനികുതി സ്ലാബിലുള്ളവര്‍ക്കാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്. അഞ്ച് കോടി രൂപക്ക് മുകളില്‍ വരുമാനമുള്ള ഉയര്‍ന്ന വരുമാനക്കാരുടെ സ്ലാബിന്റെ നികുതി പരിധി 42.744 ശതമാനം ആയിരുന്നത് 37 ശതമാനത്തിലേക്കും കുറച്ചിരുന്നു.
ഇതിന് പുറമേ, അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ഷകരേയും സ്ത്രീകളേയും ആകര്‍ഷിക്കുന്ന പദ്ധതികളും പ്രഖ്യാപനത്തിലുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കാര്‍ഷിക വായ്പാ ലക്ഷ്യം 22-25 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും വായ്പ ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗ്രാമീണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി, കേന്ദ്ര സര്‍ക്കാര്‍ പ്രോഡക്ട്-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികളുടെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയ മേഖലകള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
ഭവന വായ്പകള്‍ക്കും ഇളവ് അനുവദിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഭവനവായ്പ്പയുടെ പലിശയില്‍ രണ്ടു ലക്ഷം രൂപവരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നു ലക്ഷമായി ആയി ഉയര്‍ത്തിയേക്കും.
നിക്ഷേപത്തിനും പിന്‍വലിക്കലിനുമുള്ള നികുതി ഇളവുകള്‍ നീട്ടിക്കൊണ്ട് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇടക്കാല ബജറ്റിലൂടെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഈ ഇളവ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുക.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് ലോണെടുത്തുവര്‍ക്ക് ഇളവ് നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ സ്റ്റോക് ഓപ്ഷനുകള്‍ക്ക് ടാക്‌സ് ഈടാക്കുന്നത് രണ്ട് ഘട്ടമായിട്ടാണ്. ഇത് ഒഴിവാക്കി ഒറ്റത്തവണയാക്കി മാറ്റുന്നതും സര്‍ക്കാര്‍ പരിഗണിച്ചേക്കും എന്നാണ് സൂചന.സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഇളവ് നല്‍കിയ 15 ശതമാനം ആദായനികുതി നിരക്ക് 2025 മാര്‍ച്ച് 31 വരെ ഇടക്കാല ബജറ്റിലൂടെ സര്‍ക്കാര്‍ നീട്ടിയേക്കാം എന്നും സൂചനയുണ്ട്.