Cancel Preloader
Edit Template

മഴ വില്ലനായി രണ്ടാം ദിനവും; പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ്

 മഴ വില്ലനായി രണ്ടാം ദിനവും; പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ്

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മല്സരത്തിൽ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ് പഞ്ചാബ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവതെയുടെ പ്രകടനമാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ജലജ് സക്സേന നാല് വിക്കറ്റും വീഴ്ത്തി.

മഴ കളിയുടെ പകുതിയും അപഹരിച്ച രണ്ടാം ദിവസത്തിൽ 38 ഓവർ മാത്രമാണ് എറിയാനായത്. അഞ്ച് വിക്കറ്റിന് 95 റൺസെന്ന നിലയിൽ കളി തുടങ്ങിയ പഞ്ചാബിന് കൃഷ് ഭഗതിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 റൺസെടുത്ത കൃഷ് ഭഗതിനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. മറുവശത്ത് മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന രമൺദീപ് സിങ്ങിനെ ആദിത്യ സർവതെയും പുറത്താക്കി. 43 റൺസാണ് രമൺദീപ് സിങ് നേടിയത്.

തുടർന്നെത്തിയ ഗുർനൂർ ബ്രാറിനും ഇമാൻജ്യോത് സിങ്ങിനും ഏറെ പിടിച്ചു നിൽക്കാനായില്ല. ഗുർനൂർ ബ്രാർ 14 റൺസും ഇമാൻജ്യോത് സിങ് ഒരു റണ്ണെടുത്തും പുറത്തായി. ഗുർനൂറിനെ ജലജ് സക്സേന ക്ലീൻ ബൌൾഡാക്കിയപ്പോൾ, ഇമാൻജ്യോതിനെ സ്വന്തം പന്തിൽ ആദിത്യ സർവാതെ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

തുടരെ രണ്ട് വിക്കറ്റ് കൂടി വീണതോടെ 150 റൺസ് തികയ്ക്കില്ലെന്ന് കരുതിയ പഞ്ചാബിനെ കരകയറ്റിയത് അവസാന വിക്കറ്റിൽ മായങ്ക് മാർക്കണ്ഡെയും സിദ്ദാർഥ് കൌളും ചേർന്നുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് 37 റൺസ് നേടി. കളി നിർത്തുമ്പോൾ മായങ്ക് 27 റൺസോടെയും സിദ്ദാർഥ് 15 റൺസോടെയും ക്രീസിലുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *