Cancel Preloader
Edit Template

സൗദി അറേബ്യയില്‍ കടുത്ത ശൈത്യത്തിനു പിന്നാലെ ശീതകാല മഴ

 സൗദി അറേബ്യയില്‍ കടുത്ത ശൈത്യത്തിനു പിന്നാലെ ശീതകാല മഴ

സൗദി അറേബ്യയില്‍ കടുത്ത ശൈത്യത്തിനു പിന്നാലെ ശീതകാല മഴയെത്തുന്നു. കിഴക്കന്‍ പ്രവിശ്യകളിലാണ് ഇന്നും നാളെയും മഴ സാധ്യത. എയര്‍ ഡിപ്രഷനെ തുടര്‍ന്നാണ് മഴക്ക് കളമൊരുങ്ങുന്നത്. ഈ ആഴ്ച അവസാനം വരെ ഈ അന്തരീക്ഷസ്ഥിതി തുടരും. റിയാദിലും സമീപ പ്രവിശ്യകളിലും മഴ ലഭിക്കും. കിഴക്കന്‍ സൗദിയിലാണ് കൂടുതല്‍ മഴ സാധ്യത.

മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിയും പ്രതീക്ഷിക്കണം. റിയാദ്, ഖാസിം മേഖലകളില്‍ ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ പ്രതീക്ഷിക്കാം. വ്യാഴാഴ്ച താപനിലയിലും കുറവു അനുഭവപ്പെടും. സൗദിയുടെ മധ്യ, കിഴക്കന്‍ മേഖലയിലാണ് താപനിലയില്‍ മാറ്റമുണ്ടാകുക. കിഴക്കന്‍ തീരത്ത് ഇടവിട്ട് കാറ്റുമുണ്ടാകും.

ഉത്തരാര്‍ധ ഗോളത്തില്‍ ജെറ്റ് സ്ട്രീം സജീവമാകുന്നതാണ് ശൈത്യം വര്‍ധിക്കാനും മഴക്കും കാരണമാകുക. ജനുവരി അവസാന വാരത്തോടെ ജെറ്റ് സ്ട്രീം സജീവമാകും. ഇത് സിറിയ, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും മഴക്ക് കാരണമാകും. ഈ മേഖലയില്‍ മഞ്ഞുവീഴ്ചയും മൈനസ് ഡിഗ്രിയും അനുഭവപ്പെടും. ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള തണുത്ത കാറ്റ് ജോര്‍ദാന്‍ മേഖല വഴി എത്തുന്നുണ്ട്.

ഇതുകാരണം ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ അടുത്തയാഴ്ചയോടെ താപനില കൂടുതല്‍ താഴ്ന്ന നിലയിലെത്തും. പലയിടങ്ങളിലും ശൈത്യതരംഗത്തിനും സാധ്യതയുണ്ട്. ഉത്തരാര്‍ധ ഗോളത്തില്‍ താപനില കുറയുന്ന സമയമാണിത്. അസാധാരണമായ സാഹചര്യമല്ലെങ്കിലും തണുപ്പ് കൂടുമെന്നതാണ് ജെറ്റ് സ്ട്രീമിന്റെയും ശൈത്യക്കാറ്റിന്റെയും ഫലമായി ഉണ്ടാകുക. ജോര്‍ദാന്‍, മധ്യധരണ്യാഴി വഴി ശൈത്യക്കാറ്റും പശ്ചിമവാതവും ഇന്ത്യയിലുമെത്തും. ഇത് ഉത്തരേന്ത്യയിലും ശൈത്യം വര്‍ധിക്കാന്‍ ഇടയാക്കും.

ശൈത്യക്കാറ്റിന്റെ സ്വാധീനം മൂലം ജനുവരി ആദ്യവാരം ഗസ്സ, ഫലസ്തീന്‍, സിറിയ, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ ശൈത്യകാല മഴ ലഭിച്ചിരുന്നു. കാലാവസ്ഥാ പ്രവചന മാതൃകകളുടെ പ്രവചനം അനുസരിച്ച് സാധാരണയേക്കാള്‍ 5 ഡിഗ്രിവരെ താപനില ഇവിടങ്ങളില്‍ കുറയാനാണ് സാധ്യത. ഇസ്‌റാഈല്‍ ആക്രമണം നടത്തുന്ന ഗസ്സയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ അഭയാര്‍ഥി ക്യാംപുകളില്‍ വെള്ളംകയറി ദുരത്തിലായിരുന്നു. മഴ പകര്‍ച്ചവ്യാധികള്‍ക്കും മറ്റും കാരണമാകുമെന്നാണ് യു.എന്‍ ഏജന്‍സികള്‍ ആശങ്കപ്പെടുന്നത്.

ഗസ്സയില്‍ അന്താരാഷ്ട്ര സഹായം എത്തിക്കുന്നത് വൈകിയാല്‍ ഇനിയുള്ള ആഴ്ചയിലെ പ്രതികൂല കാലാവസ്ഥാ മനുഷ്യത്വദുരന്തത്തിന് ഇടയാക്കും. ശൈത്യതരംഗമാണ് ഫലസ്തീനിലേക്കും ഇസ്‌റാഈലിലേക്കും വരുന്നത്. വീടുകളോ മറ്റോ ഇല്ലാതെ തെരുവില്‍ അന്തിയുറങ്ങുന്ന ഗസ്സക്കാര്‍ക്ക് ശൈത്യത്തെ അതിജീവിക്കാനാകുമോയെന്നാണ് ആശങ്ക.

Related post

Leave a Reply

Your email address will not be published. Required fields are marked *