‘മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു’ ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍
പാലക്കാട്: പാര്‍ട്ടി വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. പി. സരിന്‍. ‘ഷാനിബ്, താങ്കള്‍ ഈ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ സവിനയം പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുന്നു’ ഇതാണ് സരിന്റെ അഭ്യര്‍ഥന. എന്നാല്‍, മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലാപാടിലാണ് ഷാനിബ്. ഇന്ന് ഉച്ചക്ക് രണ്ടരക്ക് പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാര്‍ട്ടിവിട്ടത്. ഇതില്‍ സരിന്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഷാനിബ് പൂര്‍ണ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരമെന്നും ആരുടെയെങ്കിലും പിന്തുണയെക്കുറിച്ച് പിന്നീട് പറയാമെന്നും ഷാനിബ് പറഞ്ഞു. ഷാഫി പറമ്പിലിന്റെയും വി.ഡി സതീശന്റെയും കോക്കസിനെതിരെയെന്ന് പോരാട്ടം. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കകത്ത് ഉണ്ടാക്കിയെടുത്ത സ്വാധീനം അടിസ്ഥാനമാക്കിയാണ് താന്‍ യുദ്ധം ചെയ്യുന്നതെന്നും ഷാനിബ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വിവരിച്ച് ഷാനിബ് വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. വിതുമ്പിക്കരഞ്ഞാണ് വാര്‍ത്താ സമ്മേളനത്തില്‍ ഷാനിബ് പ്രതികരിച്ചത്. സി.പി.എം തുടര്‍ ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്ന് ഷാനിബ് ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടി സാറ് പോയ ശേഷം തങ്ങളെ കേള്‍ക്കാന്‍ ആരുമില്ലെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഷാനിബ് തുറന്നടിച്ചു.