സന്ദീപ് വാര്യർ ഇനി കോൺഗ്രസുകാരൻ
പാലക്കാട് : ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. ‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും ഞാൻ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയിൽ ഞാൻ. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടു.
മാധ്യമ ചര്‍ച്ചയ്ക്ക് പോകരുതെന്ന് പോലും എന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ, കാലുഷ്യമുണ്ടാക്കാനോ എനിക്ക് താൽപര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരിൽ ഒരു വര്‍ഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോൺഗ്രസിന്റെ ത്രിവര്‍ണ്ണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണ്.
സിപിഎം -ബിജെപി ഡീലിനെ എതിര്‍ത്തതാണ് ഞാൻ ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തുവെന്നതാണ് ഞാൻ ചെയ്ത തെറ്റ്. കൊടകര കുഴൽപ്പണ കേസ് പ്രതി ധര്‍മ്മ രാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാതെ പോയതാണ് ഞാൻ ചെയ്ത കുറ്റം. സ്നേഹത്തിന്റെ ഇടത്തേക്കാണ് താൻ വരുന്നതെന്നും സന്ദീപ് വാര്യര്‍ പാലക്കാട്ട് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കെപിപിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കം നേതാക്കൾ കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിൽ സന്ദീപിനെ സ്വാഗതം ചെയ്തു.