ഭാരതപ്പുഴ ഉൾപ്പെടെ 32 നദികളിൽ മണല്‍ വാരൽ പുനഃരാരംഭിക്കുന്നു

സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍വാരാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം. 32 നദികളിൽനിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. സാൻഡ് ഓഡിറ്റിങ്ങിലാണ് ഖനന സാധ്യത കണ്ടെത്തിയത്. ഈ വർഷം തന്നെ മണല്‍ വാരൽ പുനഃരാരംഭിക്കാനാണ് സർക്കാർ തീരുമാനം.
10 വർഷത്തിന് ശേഷമാണ് സർക്കാരിന്റെ പുതിയ നീക്കം. ഒന്നേമുക്കാൽ കോടി മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിങ് കണ്ടെത്തൽ. സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 1500 കോടിയാണ്. ഖനന സാധ്യതാ നദികളുള്ളത് കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിലും ഖനന സാധ്യത കണ്ടെത്തി. മണൽവാരൽ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികൾ ഈയാഴ്ച രൂപീകരിക്കും.
ഇക്കഴിഞ്ഞ ബജറ്റിലും മണൽ വാരുന്നതിന് അനുമതി നൽകിയിരുന്നു. പുതിയ തീരുമാനത്തോടെ നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. അപ്പോഴും പരാതികളും പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള എതിര്‍പ്പുകളും വിവിധ കോണുകളില്‍ നിന്ന് ഉയരാൻ സാധ്യതയുണ്ട്.