Cancel Preloader
Edit Template

രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ മോദിയടക്കം നേതാക്കൾ

 രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ മോദിയടക്കം നേതാക്കൾ

ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത് രാജ്യതലസ്ഥാനം ഭരിക്കാനൊരുങ്ങുന്ന രേഖ ശർമ. ദില്ലി രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, രാജ്നാഥ് സിങ്, ജെപി നദ്ദ, അടക്കം കേന്ദ്രമന്ത്രിമാരും വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും സന്നിഹിതരായിരുന്നു. വേദിയിൽ വിവിധ മത ആചാര്യന്മാർക്കും പൗര പ്രമുഖർക്കും പ്രത്യേക ഇടം ഒരുക്കിയിരുന്നു. 

അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ദില്ലിയുടെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്. ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി  ദില്ലി ഭരിക്കാനേൽപ്പിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണെന്നാണ് വിലയിരുത്തൽ.

എബിവിപിയുടെ തീപ്പൊരി നേതാവായിരുന്നു ഹരിയാനയിൽ ജനിച്ച രേഖ ഗുപ്ത. നേരത്തെ ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റായിരുന്നു. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി പദവിയും അലങ്കരിച്ചു. 2007 ൽ ആദ്യമായി ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗൺസിലറായി. 2012 ലും 2022 ലും ജയം ആവർത്തിച്ചു. ബിജെപിയിലും മഹിള മോർച്ചയിലും വിവിധ പദവികൾ വഹിച്ചു.  

27 വര്‍ഷത്തിനിപ്പുറം ദില്ലിയിൽ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയായി വനിതയെ തന്നെ തിരഞ്ഞെടുത്തതിലൂടെ ദില്ലിക്കപ്പുറമുള്ള രാഷ്ട്രീയം കൂടിയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ദില്ലിയിൽ ശക്തമായ വോട്ട് അടിത്തറയുള്ള ബനിയ വിഭാഗത്തിൽപെട്ട നേതാവാണ് രേഖ ഗുപ്ത. ദില്ലിക്ക് പുറമെ രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലും ബനിയ വിഭാഗം ശക്തമാണ് എന്നതിനാല്‍ ബി.ജെ.പിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ തീരുമാനമാണ് രേഖ ഗുപ്തയുടെ മുഖ്യമന്ത്രി പദമെന്നാണ് വിലയിരുത്തൽ. 

Related post

Leave a Reply

Your email address will not be published. Required fields are marked *