സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയെ തുടര്‍ച്ചയായി വെല്ലുവിളിച്ച് പി.വി അന്‍വര്‍ എംഎല്‍എ. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വര്‍ണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയെ അന്‍വര്‍ വെല്ലുവിളിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേര്‍ന്ന് എത്ര സ്വര്‍ണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം.ആര് അജിത്ത് കുമാര്‍ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അന്‍വര്‍ ചോദിച്ചു.
അതേസമയം തന്റെ പരാതിയില്‍ കേസന്വേഷണം തൃപ്തികരമല്ലെന്നും പി.വി അന്‍വര്‍ തുറന്നടിച്ചു. ആരോപണമുന്നയിച്ച തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണ്. തനിക്ക് തന്ന ഉറപ്പുകള്‍ പാര്‍ട്ടി ലംഘിച്ചുവെന്നും തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ നേരിട്ടുള്ള വിമര്‍ശനം ഉന്നയിച്ചത്.
പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാന്‍ മഹത്വവല്‍കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. അന്‍വര്‍ പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന നടപടികളില്‍നിന്നും പരസ്യപ്രസ്താവനകളില്‍നിന്നും അന്‍വര്‍ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് തള്ളികൊണ്ടാണ് അദ്ദഹം വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.