Cancel Preloader
Edit Template

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച

 രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ തിങ്കളാഴ്ച കോടതി വിധി പറയും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ – എസ്‍ഡിപിഐ പ്രവർത്തകരായ 15 പേരാണ് പ്രതികള്‍.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും കോടതി കണ്ടെത്തി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, മുന്‍ഷാദ്, സഫറുദീന്‍, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെർണാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവര്‍ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു.അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *