Cancel Preloader
Edit Template

രഞ്ജി ട്രോഫി ക്വാർട്ടർ, ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് നഷ്ടം

 രഞ്ജി ട്രോഫി ക്വാർട്ടർ, ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് നഷ്ടം

പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. നേരത്തെ ജമ്മു കാശ്മീരിൻ്റെ ആദ്യ ഇന്നിങ്സ് 280 റൺസിന് അവസാനിച്ചിരുന്നു.

അവസാന വിക്കറ്റുകളിലെ ചെറുത്തുനില്പാണ് രണ്ടാം ദിവസത്തെ കളി ജമ്മു കശ്മീരിന് അനുകൂലമാക്കിയത്. എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കശ്മീരിനെ യുധ്വീർ സിങ്ങിൻ്റെയും ആക്വിബ് നബിയുടെയും ഇന്നിങ്സുകളാണ് 280 വരെയെത്തിച്ചത്. യുധ്വീർ സിങ് 26ഉം ആക്വിബ് നബി 32ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി ആറ് വിക്കറ്റ് വീഴ്ത്തി. ആക്വിബ് നബിയെ പുറത്താക്കി ആദിത്യ സർവാടെ രഞ്ജി ട്രോഫിയിൽ 300 വിക്കറ്റ് തികച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഷോൺ റോജർ റണ്ണെടുക്കാതെ മടങ്ങിയപ്പോൾ രോഹൻ കുന്നുമ്മൽ ഒന്നും സച്ചിൻ ബേബി രണ്ടും റൺസെടുത്ത് പുറത്തായി. മൂന്ന് പേരെയും പുറത്താക്കി ആക്വിബ് നബിയാണ് കേരള ബാറ്റിങ്ങിൻ്റെ നടുവൊടിച്ചത്. നാലാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനും ജലജ് സക്സേയും ചേർന്ന് നേടിയ 94 റൺസാണ് കേരളത്തെ കരകയറ്റിയത്. അക്ഷയ് ചന്ദ്രൻ 124 പന്തുകളിൽ നിന്ന് 29 റൺസെടുത്തപ്പോൾ, ജലജ സക്സേന 67 റൺസെടുത്തു. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീൻ 15ഉം ആദിത്യ സർവാടെ ഒരു റണ്ണും എടുത്ത് പുറത്തായി. യുധ്വീർ സിങ്ങാണ് ഇരുവരെയും പുറത്താക്കിയത്. എട്ടാം വിക്കറ്റിൽ സൽമാൻ നിസാറും നിധീഷ് എം ഡി യും ചേർന്നുള്ള 54 റൺസാണ് മറ്റൊരു തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിച്ചത്. നിധീഷ് 30 റൺസെടുത്ത് പുറത്തായപ്പോൾ സൽമാൻ നസീർ 49 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആക്വിബ് നബിയാണ് കശ്മീർ ബൌളിങ് നിരയിൽ തിളങ്ങിയത്. യുധ്വീർ സിങ്ങും സാഹിൽ ലോത്രയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *