രഞ്ജി ട്രോഫി ഫൈനല്‍: ആദ്യ ഓവറില്‍ വിക്കറ്റ്, കേരളത്തിനെതിരെ വിദര്‍ഭക്ക് ബാറ്റിംഗ് തകർച്ച

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിദര്‍ഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സോടെ ഡാനിഷ് മലെവാറും അഞ്ച് റണ്‍സോടെ കരുണ്‍ നായരും ക്രീസില്‍.
ഓപ്പണര്‍ പാര്‍ഥ് രേഖഡെയുടെയും(0), ദര്ശന് നാല്‍ക്കണ്ടെയുടെയും(1), ധ്രുവ് ഷോറെയുടെയും വിക്കറ്റുകളാണ് വിദര്‍ഭക്ക് നഷ്മായത്. കേരളത്തിനായി എം ഡി നിധീഷ് രണ്ട് വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും നേടി. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ വിദര്‍ഭക്ക് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. പാര്‍ത്ഥ് രേഖഡെയെ നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് ആറോവറോളം പിടിച്ചു നിന്നെങ്കിലും 21 പന്തില്‍ ഒരു റണ്ണെടുത്ത നാല്‍ക്കണ്ടെയെ നിധീഷ് എന്‍ പി ബേസിലിന്റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ 11-2 എന്ന സ്കോറില്‍ ബാക്ക് ഫൂട്ടിലായി. പിടിച്ചു നിൽക്കാന് ശ്രമിച്ച ധ്രുവ് ഷോറെയ ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. നേരത്തെ ധ്രുവ് ഷോറെക്കെതിരെ നിധീഷിന്റെ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീലില്‍ രക്ഷപ്പെട്ടിന്നുരു. കേരളം റിവ്യു എടുത്തെങ്കിലും നഷ്ടമായി.
നേരത്തെ വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഷോൺ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി. സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങിയത്.
വിദർഭ പ്ലേയിംഗ് ഇലവൻ: ധ്രുവ് ഷോറെ, പാർത്ഥ് രേഖഡെ, ഡാനിഷ് മലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ(ക്യാപ്റ്റൻ), അക്ഷയ് കർണേവാർ, ഹർഷ് ദുബെ, നചികേത് ഭൂതെ, ദർശൻ നൽകണ്ടെ, യാഷ് താക്കൂർ.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അഹമ്മദ് ഇമ്രാൻ, ഏഡൻ ആപ്പിൾ ടോം, ആദിത്യ സർവാതെ, എംഡി നിധീഷ്, എൻ പി ബേസിൽ