രണ്ട് ദിവസത്തിനകം മഴ സജീവമാകും
ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
രണ്ടു ദിവസത്തിനകം മഴ കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്കുണ്ട്.
ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദം ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളില്‍ ദുര്‍ബലമായതോടെയാണ് കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞത്. എന്നാല്‍ വടക്ക് കിഴക്കന്‍ അറബികടലിലെ ചക്രവാതചുഴിയും തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത. ശേഷം അടുത്ത ആഴ്ചയോടെ കേരളത്തില്‍ കാലവര്‍ഷം വീണ്ടും പതിയെ സജീവമാകാന്‍ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവര്‍ഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.