Cancel Preloader
Edit Template

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന

 രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന

പാലക്കാട്:  ബലാത്സം​ഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന്‌ മൊബൈൽ ഫോൺ ഓഫ്‌ ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന. രാഹുൽ സംസ്ഥാനം വിട്ടെന്നായിരുന്നു വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പാലക്കാട് ജില്ലയിൽ തന്നെ എംഎൽഎ തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. അതേസമയം, എംഎൽഎയുടെ ഒ‍ൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിലുണ്ടെന്നാണ് വിവരം. താമസസ്ഥലത്തു നിന്നുമാണ് സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാൽസംഗ കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു. അതേസമയം, രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയാണ് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക.

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *