Cancel Preloader
Edit Template

ഹർത്താലിനിടയുള്ള സംഘർഷം; കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്ത് പോലീസ്

 ഹർത്താലിനിടയുള്ള സംഘർഷം; കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്ത് പോലീസ്

കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പോലീസ് കേസെടുത്തു. പുൽപ്പള്ളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെയാണ് കേസ്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്

വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, ഹർത്താലിനിടെ പുൽപ്പള്ളിയിൽ ജന രോഷം അണപൊട്ടിയൊയുകുകയായിരുന്നു. കാട്ടാന ചവിട്ടിക്കൊന്ന പോളിന്‍റെ മൃതദേഹവും വഹിച്ചു കൊണ്ടായിരുന്നു പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. ഇതിനൊപ്പം തന്നെ പുൽപ്പള്ളിയിൽ നിരോധനാജ്‍ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ആദ്യം വനംവകുപ്പിന്‍റെ ജീപ്പ് തടയുകയായിരുന്നു. പിന്നീട് വാഹനത്തിന് മുകളിൽ റീത്ത് വച്ചു. ശേഷം ടയറിന്‍റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പോലീസിന് നേരെ കല്ലും കസേരയും എറിഞ്ഞു.പിന്നാലെ പോലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *