Cancel Preloader
Edit Template

പ്രകോപനം തുടരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, ദില്ലിയിൽ ആശുപത്രികൾ സജ്ജമെന്ന് രേഖ ശർമ്മ

 പ്രകോപനം തുടരുന്നു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, ദില്ലിയിൽ ആശുപത്രികൾ സജ്ജമെന്ന് രേഖ ശർമ്മ

ദില്ലി: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷ സാഹചര്യത്തിൽ ദില്ലിയിൽ മുഴുവൻ ആശുപത്രികളും സജ്ജമാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി രേഖ ശർമ്മ വ്യക്തമാക്കുകയും ചെയ്തു. നിലവിൽ ജമ്മുവിൽ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തിൽ ഒരു വീട് തകർന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കനത്ത ഷെല്ലിങ് നടക്കുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

​ഗുജറാത്തിലെ പാക് ബോർഡറിൽ ഇന്ത്യ ഒരു ഡ്രോൺ വെടിവെച്ചിട്ടിട്ടുണ്ട്. അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ ദൂരെ ജനവാസ മേഖലയെ ലക്ഷ്യം വെച്ച് എത്തിയ ഡ്രോണാണ് പുലർച്ചെ ആറുമണിക്ക് ഇന്ത്യ വെടിവെച്ചിട്ടത്.

സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജി7 രാജ്യങ്ങൾ രംഗത്ത് വരിന്നിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഏപ്രില്‍ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ ജി7 രാജ്യങ്ങള്‍ അപലപിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ കരുത്തരുടെ സഖ്യമാണ് ജി7.

‘പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരവാദി ആക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍റെ ഉയര്‍ന്ന പ്രതിനിധികളും ശക്തമായി അപലപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷങ്ങളില്‍ നിന്ന് പരമാവധി അയയണം. ഇനിയും സൈനിക നീക്കം തുടരുന്നത് പ്രദേശത്തിന്‍റെ സ്ഥിരതയ്ക്ക് ഭീഷണിയാവും. ഇരു വശത്തമുള്ള സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ജി7 രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഉടനടി സംഘർഷം ലഘൂകരിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ ഇന്ത്യയും പാകിസ്ഥാനും സമാധാനം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥ തുടര്‍ന്നും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ഞങ്ങള്‍, നയതന്ത്രപരമായ പരിഹാരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നതായും’ ജി7 രാജ്യങ്ങളുടെ പ്രസ്‌താവനയില്‍ പറയുന്നു. 

അതേസമയം ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷം ലഘൂകരിക്കാൻ ആഗ്രഹിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയുമായും പാക്കിസ്ഥാനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *