ഗാന്ധി സ്മരണയില്‍ രാജ്യം;രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്ഘട്ടില്‍ പുഷ്പചക്രം സമർപ്പിക്കും
മഹാത്മ ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പചക്രം സമർപ്പിക്കും. തുടർന്ന് സർവമത പ്രാർത്ഥനയും നടക്കും. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
മതസൗഹാർദ്ദ ദിനമായി ആചരിക്കും
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് മതസൗഹാർദ ദിനമായി ആചരിക്കാൻ തമിഴ്നാട്. ജില്ലാ ആസ്ഥാനങ്ങളിൽ വിവിധ മതാവിഭാഗങ്ങളിൽപ്പെട്ട വർ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാത്വവും ഏകത്വവും പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.
ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെ 1948 ജനുവരി 30 നാണ് ഹിന്ദുത്വ തീവ്രവാദിയായ നാഥൂറാം വിനായക് ഗോഡ്സെ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നത്.
സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച് , ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിന്റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ആജീവനാന്തം പോരാടി. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ഗാന്ധിജി ലോക ശ്രദ്ധനേടി. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചിരുന്നു.
റൗലറ്റ് നിയമം ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഗാന്ധിജിയുടെ ആഹ്വാന പ്രകാരം പതിനായിരക്കണക്കിന് സ്വാതന്ത്ര്യസമര പോരാളികള്‍ തെരുവിലിറങ്ങി. ആയിരങ്ങളാണ് ബ്രിട്ടീഷുകാരുടെ വെടിയേറ്റുവീണത്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടു. വിദേശ ഉത്പന്നങ്ങള്‍ ഒന്നടങ്കം ബഹിഷ്കരിച്ചു. സഹികെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വം ദേശദ്രോഹക്കുറ്റം ചുമത്തി ഗാന്ധിജിയെ തുറങ്കലിലടച്ചു.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് 1930 മാര്‍ച്ച് 12-ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദണ്ഡിയാത്ര നടത്തി.1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ ബ്രിട്ടന് സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ ആവശ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് തയാറായി. ഒടുവില്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ച് ഹിന്ദുവെന്നും മുസ്ലീമെന്നും വിഭജിച്ചതിനു ശേഷമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഭാരതം വിട്ടത്. ദുഃഖിതനായ ഗാന്ധിജി രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആവതും ശ്രമിച്ചു.
ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍ ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ സ്വാധീനിച്ചു. മാര്ട്ടിന് ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂ ചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സ്വാംശീകരിച്ചവരാണ്.