Cancel Preloader
Edit Template

പ്രതിഷേധ സാധ്യത : മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍

 പ്രതിഷേധ സാധ്യത : മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഔദ്യോഗിക പരിപാടി ഒഴിവാക്കി കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. മുഖ്യമന്ത്രിക്കൊപ്പം പിണറായിയില്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്നാണ് കളക്ടര്‍ വിട്ടുനില്‍ക്കുന്നത്. പിണറായിയിലെ എ.കെ.ജി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു കളക്ടര്‍. ഇന്നലെ കളക്ടര്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാര്‍ച്ചുണ്ടായിരുന്നു. കളക്ടര്‍ ഇന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയില്‍ നിന്ന് കളക്ടര്‍ പിന്‍മാറിയത്.

അതേസമയം, എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി ഉന്നതതല അന്വേഷണ സംഘം രേഖപ്പെടുത്തി. അന്വേഷണച്ചുമതലയുള്ള ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഇന്നലെ രാവിലെ 12ഓടെ കലക്ടറേറ്റിലെത്തിയാണ് മൊഴി രേഖപ്പെടുത്തിതിയത്. കലക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരുടെയും പരിപാടിയുടെ സംഘാടകരായ സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളുടെ മൊഴിയും എ. ഗീത രേഖപ്പെടുത്തി. മൊഴിയെടുപ്പ് വൈകീട്ട് മൂന്നുവരെ നീണ്ടു.

പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി കലക്ടറുടെ മൊഴി കഴിഞ്ഞ ദിവസം ടൗണ്‍ സ്റ്റേഷന്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി രേഖപ്പെടുത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരേ കേസെടുത്തെങ്കിലും അറസ്റ്റിന് പൊലിസ് തയാറായിട്ടില്ല.

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി.പി ദിവ്യ ജാമ്യ ഹരജി നല്‍കിയിരുന്നതിനാല്‍ അതിന്റെ വിധി വരുന്നതുവരെ പൊലിസ് കാത്തിരിക്കുകയാണെന്നാണ് സൂചന. ഒളിവിലുള്ള പി.പി ദിവ്യ കാറില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തിയാണ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയത്.

അതിനിടെ പി.പി ദിവ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലിസ് കേസെടുത്തു. ദിവ്യയുടെ ഭര്‍ത്താവ് വി.പി അജിത്ത് നല്‍കിയ പരാതിയിലാണ് നടപടി. തെറ്റായ സൈബര്‍ പ്രചാരണമെന്ന് ആരോപിച്ചാണ് കേസ്.

Related post

Leave a Reply

Your email address will not be published. Required fields are marked *