തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്

കൊച്ചി/ ഇടുക്കി: സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വൻ തട്ടിപ്പ് നടന്നത് സ്കൂട്ടർ വാഗ്ദാനം ചെയ്തെന്ന് പൊലീസ്. അനന്തകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളിൽ നിന്നാണ് നിഗമനം. 40000 പേരിൽ നിന്നായി സ്കൂട്ടറിന് പകുതി പണമായ 60,000 രൂപ വാങ്ങിയതായ ബാങ്ക് രേഖകള്‍. 18,000 പേർക്ക് സ്കൂട്ടർ നൽകി.
ഒരു ലക്ഷത്തോളം പേരില്‍ നിന്ന് വാങ്ങിയ രേഖകള്‍ പൊലീസിന് കിട്ടി. 33,000 പരാതികളെങ്കിലും ഇനിയും വരാനുണ്ടെന്ന് പൊലീസ് കരുതുന്നു. 30,000 പേരിൽ നിന്നാണ് ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. 15,000 പേർക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 25,000 രൂപയാണ് ലാപ്ടോപ്പിനായി വാങ്ങിയത്. 13,000 പേരിൽ നിന്നും തയ്യൽ മെഷീനായി പണം വാങ്ങിയെങ്കിലും 13,000 മെഷീനും വിതരണം ചെയ്തത് അനന്തകൃഷ്ണൻ പൊലീസിന് മൊഴി നല്കി. രാസവളം വിതരണം ചെയ്യാനായി 20,000 പേരിൽ നിന്നും പണം വാങ്ങി. 90,000 രൂപ വില വരുന്ന വളത്തിന് വാങ്ങിയത് 45,000 രൂപയാണ്. 17,000 രൂപയ്ക്ക് വളം വിതരണം ചെയ്തു.
സ്ഥാപനങ്ങളിലേക്കാണ് വിവിധ അക്കൗണ്ടുകളിൽ നിന്നായി പണമെത്തിയത്. അനന്തുകൃഷ്ണൻ്റെ 19 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിലുളള വിവരമനുസരിച്ചുളള ചോദ്യങ്ങൾക്കാണ് തിരുവനന്തപുരം സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് രണ്ടുകോടി നൽകിയ കാര്യവും ഇടത് – യുഡിഎഫ് നേതാക്കൾക്ക് 50 ലക്ഷം രൂപയിലേറെ കൈമാറിയ കാര്യവും അനന്തു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങൾ അനന്തു പൊലീസിനോട് പറഞ്ഞിട്ടില്ല.
കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപ നൽകിയതിന്റെ ഇടപാട് രേഖകളും അന്വേഷണ സംഘത്തിന് കിട്ടി. പണം കൈമാറ്റം ശരിവയ്ക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. തിരിമറി നടത്തിയിട്ടില്ല എന്നും സമാഹരിച്ച പണം ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചു എന്നുമാണ് അനന്തു ആവർത്തിക്കുന്നത്. അനന്തു സംസ്ഥാന വ്യാപകമായി വിതരണം ചെയ്ത ഉത്പന്നങ്ങളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ബിനാമി അക്കൗണ്ടുകളിലേക്ക് പണം പോയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അനന്തുവിൻ്റെ സ്ഥാപനത്തിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.