അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്
കൊല്ലം : മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും. ചോദ്യം ചെയ്തസമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പൊലിസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും പൊലിസ് പറയുന്നു.
ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോള്‍ (47) ആണ് അപകടത്തില്‍ പെട്ടത്. കാറിടിച്ചിട്ട ശേഷം അപകടമുണ്ടായത് ശ്രദ്ധിക്കാതെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റി മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയത് ശ്രീക്കുട്ടിയായിരുന്നു. പിന്നീട് അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലാണെന്ന് പൊലിസ് കണ്ടെത്തി. അജ്മലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം വീട്ടമ്മയെ ഇടിച്ച കാറിന് അപകട ദിവസം ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും അപകട ശേഷം ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നുവെന്നും പൊലിസ് കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുപ്പതിന് അവസാനിച്ചതായിരുന്നു ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഞായര്‍ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓണ്‍ലൈന്‍ വഴി പതിനാറാം തീയതിയാണ് കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്.