Cancel Preloader
Edit Template

ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല, ഇന്ത്യയെ പ്രതിനിധീകരിക്കുക ജയശങ്കർ

 ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല, ഇന്ത്യയെ പ്രതിനിധീകരിക്കുക ജയശങ്കർ

ദില്ലി: അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരണമായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജനുവരി 20 നാണ് അമേരിക്കൻ പ്രസിഡന്‍റായി വീണ്ടുമൊരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്ത് ട്രംപ് അധികാരമേൽക്കുക. ഇതുവരെ കണ്ടതിൽ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേൽക്കുക. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടാകും. ഇതുവരെ ക്ഷണിച്ച വിശിഷ്ടാതിഥികളുടെ പട്ടിക സംബന്ധിച്ച റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്‍റെ പേരാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

ജനുവരി 20 ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വാഷിംഗ്ടൺ ഡിസിയിലെ യു എസ് ക്യാപിറ്റോളിൽ ആരംഭിക്കുക. അമേരിക്കയുമായി പലപ്പോഴും വാക്പോരിലേർപ്പെടാറുള്ള ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചൈനിസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ തന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നൽകിയ അസാധാരണമായ അപൂർവമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് എത്തിയാൽ അതൊരു ചരിത്ര സംഭവമായിരിക്കും. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണമാകും.

അതേസമയം ഡോണൾഡ് ട്രംപിന് പ്രസിഡന്‍റ് സ്ഥാനം കൈമാറുന്ന ചടങ്ങിൽ തീർച്ചയായും പങ്കെടുക്കുമെന്ന് ജോ ബൈഡൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രസിഡന്‍റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കണമെന്ന അമേരിക്കയിലെ പരമ്പരാഗത ശൈലി 2020 ൽ പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപ് തെറ്റിച്ചിരുന്നു. നിയുക്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ കാരണമായിരുന്നു. വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുകയും ഒടുവിൽ 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിന് വരെ കാരണമായിരുന്നു ട്രംപ് അധികാര കൈമാറ്റത്തിന് മടികാട്ടിയത്. എന്നാൽ ട്രംപ് ചെയ്തതുപോലെ ഇക്കുറി താൻ ചെയ്യില്ലെന്ന് ബൈഡൻ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്‍റ് ബൈഡൻ മാത്രമല്ല നിലവിലെ പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *