പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ 11.30 ന് നടന്നു.
രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ആണ് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിന് പാർലമെൻ്റ് സമ്മേളിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ദുസ്സഹമാക്കിയ ജനജീവിതത്തെ കൈപിടിച്ച് ഉയർത്താനുള്ള എന്തെല്ലാം ബജറ്റിൽ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും. തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ