പാനൂർ സ്ഫോടനം: അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളും

പാനൂർ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
‘അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും’ വി കെ സനോജ് കുറ്റപ്പെടുത്തി.
അമൽ ബാബു, മിഥുൻ എന്നിവർക്ക് പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് സ്ഫോടനത്തിൽ പരിക്കേറ്റവരെ മാത്രം തള്ളിപ്പറഞ്ഞും കേസുമായി ബന്ധമുള്ള മറ്റുള്ളവരെ ന്യായീകരിച്ചുമുള്ള സിപിഎമ്മിന്റെ പുതിയ നിലപാട്.
ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയ ആളെ പിടിച്ചെന്ന് എംവി ഗോവിന്ദൻ
പാനൂർ സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും സംഭവത്തിൽ പാർട്ടിക്കാരാരും ഉൾപ്പെട്ടിട്ടുമില്ലെന്നുമായിരുന്നു ഇന്നലെ വരെ ഈ വിഷയത്തിൽ സിപിഎം എടുത്ത പരസ്യ നിലപാട്. എന്നാൽ പാനൂരിൽ സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അമൽ ബാബുവിനെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിലെത്തി പൊലീസ് പിടികൂടിയ തോടെയാണ് പാർട്ടി സെക്രട്ടറി തന്നെ വിചിത്രമായ ന്യായീകരണവുമായി രംഗത്തെത്തിയത്.
സ്ഫോടന വിവരം അറിഞ്ഞ ജീവൻ രക്ഷാപ്രവർത്തനത്തിന് എത്തിയ ആളെ പൊലീസ് പിടികൂടിയെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആളുടെ വീട്ടിൽ പാർട്ടി നേതാക്കൾ പോയത് നാട്ടു മര്യാദ അനുസരിച്ച് എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സ്ഫോടന വിവാദത്തിൽ പ്രതിരോധത്തിൽ ആയ പാർട്ടിക്ക് സംരക്ഷണവുമായി എത്തി.