Cancel Preloader
Edit Template

പന്തീരാങ്കാവ് ഗാർഹിക പീഡനം: പരാതിയില്ലെന്ന് യുവതി; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

 പന്തീരാങ്കാവ് ഗാർഹിക പീഡനം: പരാതിയില്ലെന്ന് യുവതി; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയിൽ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗൺസിലിങിന് അയച്ചത്.

ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് കോടതിയിൽ വായിച്ചു കേൾപ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പരാതി ഉയർന്നു വന്നതോടെ രാഹുൽ ഒളിവിൽ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സമയത്താണ് കുടുംബ ബന്ധങ്ങളിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാനാവില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തത്. കൗൺസിലിങ് റിപ്പോർട്ട്‌ തൃപ്തികരമെങ്കിൽ ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ വിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നതിൽ സർക്കാർ എതിരല്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ഹർജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Related post

Leave a Reply

Your email address will not be published. Required fields are marked *