പഹൽഗാം ആക്രമണം; പ്രാദേശിക പാർട്ടികൾ കേന്ദ്രത്തെ എതിർപ്പറിയിച്ചു, ഭീകരരുടെ വീടുകൾ തകർക്കുന്നത് നിർത്തിവെച്ചു

ദില്ലി: പഹൽഹാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിൽ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടി നിര്‍ത്തിവെച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്തത്.
പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു. നാഷണൽ കോൺഫറൻസ്, പി ഡി പി തുടങ്ങിയ കക്ഷികൾ കേന്ദ്രത്തെ എതിര്‍പ്പറിയിച്ചു. ഇതിനോടകം 13 വീടുകളാണ് തകര്‍ത്തത്. അതേസമയം, വീടുകള്‍ തകര്‍ക്കുന്ന നടപടിക്കെതിരെ സിപിഎം നേതാവ് യൂസഫ് തരിഗാമി രംഗത്തെത്തി.
ഭീകരര്‍ക്കെതിരായ നടപടിയിൽ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്ന് സിപിഎം നേതാവ് യുസഫ് താരിഗാമി പറഞ്ഞു. ഭീകരർക്ക് എതിരായ നടപടിയിൽ നിരപരധികൾ ശിക്ഷിക്കപ്പെടരുതെന്ന് നാഷണൽ കോൺഫറൻസ് നേതാക്കളും വ്യക്തമാക്കി. ഭീകരരുടെ വീടുകൾ തകർത്തപ്പോൾ പലയിടത്തും സമീപത്തെ വീടുകൾക്കും കേടുപാടുകൾ പറ്റിയതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
ഇതിനിടെ, പാകിസ്ഥാൻ കരസേന മേധാവി രാജ്യം വിട്ടെന്ന പ്രചാരണം തള്ളി പാക് സൈന്യം രംഗത്തെത്തി. പ്രധാനമന്ത്രിക്കൊപ്പം കഴിഞ്ഞ ദിവസം ചടങ്ങിൽ പങ്കെടുത്ത ചിത്രം പുറത്തുവിട്ടു.അസിം മുനീർ കുടുംബത്തെ വിദേശത്തേക്ക് അയച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. റാവൽപിണ്ടിയിലെ ബങ്കറിലേക്ക് മുനീർ മാറിയെന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം,പാകിസ്ഥാന് സഹായം നല്കിയെന്ന ആരോപണം നിഷേധിച്ച് തുർക്കി രംഗത്തെത്തി. തുർക്കിയുടെ സൈനിക വിമാനം പാകിസ്ഥാനിൽ ഇറങ്ങിയത് ഇന്ധനം നിറയ്ക്കാനായിരുന്നുവെന്നും ലോകത്തിന് മറ്റൊരു യുദ്ധം കൂടി താങ്ങാനാവില്ലെന്നും തുർക്കി പ്രസിഡൻറ് റെയ്സിപ് എർദൊഗൻ പറഞ്ഞു.