‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മൂന്നാം മോദിസര്‍ക്കാര്‍ കാലത്ത് നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി പാര്‍ലമെന്റിനകത്ത് ചര്‍ച്ചകള്‍ നടക്കുന്ന ബില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പില്‍ വരുത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
പദ്ധതി നടപ്പാക്കാന്‍ സഖ്യത്തിനു പുറത്തുള്ള പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിലും മോദി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി രാജ്യം മുന്നോട്ട് വരണമെന്നായിരുന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നാണ് സര്‍ക്കാറിന്റെ വാദം. ചൊവ്വാഴ്ച മൂന്നാം മോദി സര്‍ക്കാര്‍ ഭരണത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കുകയാണ്.
മൂന്നാം മോദി സര്‍ക്കാറില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, നിലവിലുള്ള മുന്നണി ഭരണം കൂടുതല്‍ കെട്ടുറപ്പുള്ളതാകുമെന്നും ആ കെട്ടുറപ്പ് ഈ ഭരണകാലയളവ് മുഴുവന്‍ തുടരുമെന്നുമാണ് ബി.ജെ.പി ഇപ്പോള്‍ കണക്കുകൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരുക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. പദ്ധതിയെ കുറിച്ച് പഠിക്കാനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിച്ചിരുന്നു.
സമിതി 2024 മാര്‍ച്ചില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് സമിതി നിര്‍ദേശിച്ചത്. നിയമ കമീഷനും സമാന നിര്‍ദേശം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. 2029 മുതല്‍ ലോക്‌സഭ, നിയസമഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് നിയമ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. തൂക്കുസഭ, അവിശ്വാസ പ്രമേയം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഏകീകൃത സര്‍ക്കാറിനുള്ള വ്യവസ്ഥയും കമീഷന്‍ നിര്‍ദേശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.