ഇനി വയനാടിന്‍റെ പ്രിയങ്കരി, 4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, കന്നിയങ്കം ജയിച്ച് പ്രിയങ്ക

കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.
വോട്ടിങ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണൽ തുടങ്ങിയതോടെ തന്നെ പ്രിയങ്കയുടെ ഭൂരിപക്ഷം നാലു ലക്ഷം കടക്കുമെന്ന് വ്യക്തമായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകള്‍ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റെക്കോഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്.
അഞ്ചു ലക്ഷം ഭൂരിപക്ഷത്തിന് പ്രിയങ്ക ജയിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നതെങ്കിലും വോട്ടിങ് ശതമാനം കുറഞ്ഞതോടെ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, വോട്ടിങ് ശതമാനം കുറഞ്ഞിട്ടും നാലുലക്ഷത്തിലധികം വോട്ടുകള്‍ നേടിയത് വയനാട് മണ്ഡലം യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണെന്ന് ഒന്ന് കൂടി അടിവരയിടുന്നതായി മാറി. ദില്ലിയിലെ പ്രിയങ്ക ഗാന്ധിയുടെ വസതിക്ക് മുന്നിൽ മധുരം വിതരണം ചെയ്താണ് പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വിജയം ആഘോഷിച്ചത്.
പ്രിയങ്കയുടെ വൻ വിജയം ജനങ്ങൾക്കു വേണ്ടി നിൽക്കുന്നതിനുള്ള അംഗീകാരമാണെന്നും കൂടുതൽ റോൾ നൽകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും ഭര്‍ത്താവ്; റോബർട്ട് വാദ്ര പ്രതികരിച്ചു. 617942 വോട്ടുകളാണ് പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 209906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടിനായത്.
അതേസമയം റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്.
നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു. തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട്.
തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധിഖം പ്രചാരണത്തിൽ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്‍റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.
പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ കല്‍പ്പറ്റയിൽ ആഹ്ലാദ പ്രകടനവും നടന്നു. വിജയത്തിനുശേഷം മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി എത്തി. ദില്ലിയിലെ പ്രിയങ്കയുടെ വസതിക്ക് മുന്നിൽ മധുരം പങ്കിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടത്.പ്രിയങ്ക വയനാട്ടിലേക്ക് പോകുന്നത് വൈകാതെ തീരുമാനിക്കുമെന്നും പ്രിയങ്ക പാർലമെന്‍റിൽ ഇന്ത്യ മുന്നണിയുടെ ശക്തമായ ശബ്ദമാകുമെന്നും രാഹുൽ വയനാടിനോടുള്ള സ്നേഹം തുടരും എന്നു വ്യക്തമാക്കിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു