രാഷ്ട്രമാതാവെന്നല്ല, ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ മാതാവ്’; പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചുവെന്ന് സുരേഷ് ഗോപി

‘
ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഇത് തെറ്റായ പ്രചാരണമാണെന്നും കോണ്‍ഗ്രസുകാരുടെ മാതാവ് എന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കെ.കരുണാകരന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണെന്നാണ് ഞാന്‍ പറഞ്ഞത്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാന്‍ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോള്‍ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തില്‍ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല.
”ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാന്‍ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല.” – സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പിക്കുള്ളില്‍ നിന്നും അല്ലാതെയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ സുരേഷ് ഗോപിയുടെ വിശദീകരണം. ഇന്നലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റേയും ഭാര്യ കല്യാണ കുട്ടിയുടേയും സ്മൃതികുടീരത്തില്‍ പുഷ്പാർച്ച നടത്തിയതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനോടൊപ്പം നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.