“മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം”:സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര നാളെ മുതല്‍
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ മുതല്‍. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് പദയാത്ര ഉദ്ഘാടനം ചെയ്യും. മോദിയുടെ ഗ്യാരന്‍റി പുതിയ കേരളം എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം.
ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിനൊപ്പം മാസപ്പടി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ കൂടുതല്‍ ആരോപണങ്ങളും പദയാത്രയില്‍ ഉണ്ടായേക്കും. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ നേട്ടം കൊയ്യാനാകുന്നില്ലെന്ന പരിമിതി, തെരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന അവകാശ വാദങ്ങളൊന്നും വോട്ടെണ്ണി കഴിയുമ്പോള്‍ കാണാനാവാത്ത നാണക്കേട്, വിജയത്തിന്‍റെ വക്കോളമെത്തിയിട്ടും കൈവിട്ട് പോയ മണ്ഡലങ്ങളുടെ കണക്കെല്ലാം ഇക്കുറി പഴയങ്കഥയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ എന്‍ഡിഎ നേതൃത്വം. മോദിയുടെ ഗ്യാരന്‍റിയെന്ന പ്രഖ്യാപനവുമായി തൃശൂരില്‍ പ്രധാനമന്ത്രി തുടക്കമിട്ട പ്രചാരണത്തിന്‍റെ തുടര്‍ച്ചയായാണ് കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ സ്നേഹയാത്രയടക്കം താഴെതട്ടില്‍ ചലനം സൃഷ്ടിച്ചെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.സാധാരണ രീതിയില്‍ കാസര്‍കോട് നിന്ന് തുടങ്ങുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് രീതി എങ്കില്‍ ഇക്കുറി കാസര്‍കോട് നിന്ന് തുടങ്ങുന്ന യാത്ര തിരുവന്തപുരം വഴി പാലക്കാട്ടെത്തിയാണ് സമാപനം. ഫെബ്രുവരി 27ന് പാലക്കാടാണ് യാത്രയുടെ സമാപനം.