Cancel Preloader
Edit Template

ദുരിത യാത്ര ;യശ്വന്ത്പൂർ എക്‌സ്പ്രസിൽ കംപാർട്ട്‌മെന്റ് ചോർന്നൊലിക്കുന്നു

 ദുരിത യാത്ര ;യശ്വന്ത്പൂർ എക്‌സ്പ്രസിൽ കംപാർട്ട്‌മെന്റ് ചോർന്നൊലിക്കുന്നു

കോഴിക്കോട്: യശ്വന്ത്പൂർ-–കണ്ണൂർ എക്‌സ്പ്രസ് ചോർന്നൊലിക്കുന്നു. ജനറൽ കംപാർട്ട്‌മെന്റിൽ സിങ്കിൾ സീറ്റ് ഭാഗത്താണ് മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്നത്. ഇതോടെ സിങ്കിൾ സീറ്റ് ഭാഗം യാത്രക്കാർക്ക് ഒഴിച്ചിടേണ്ട അവസ്ഥയാണ്. നിലവിൽ യശ്വന്ത്പൂർ എക്‌സ്പ്രസിൽ രണ്ട് ജനറൽ കോച്ചുകൾ മാത്രമാണുള്ളത്. ഇതിൽതന്നെ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ചെറിയ മഴപെയ്താൽ പോലും വെള്ളം ചോർന്നൊലിക്കുന്ന കംപാർട്ട്‌മെന്റിൽ തിക്കി തിരക്കിയുള്ള യാത്ര കഠിനമാണെന്നാണ് യാത്രക്കാർ പറയുന്നത്.

പൊതുവെ കൃത്യമായ ശുചീകരണം നടത്താത്ത കോച്ചുകളിൽ മഴവെള്ളം കൂടി ചോർന്നിറങ്ങുന്നതോടെ വൃത്തിഹീനമായ അവസ്ഥയാകും. മഴവെള്ളം ഫ്ലോറിലേക്ക് ഒഴുകിയെത്തിയതോടെ യാത്രക്കാരുടെ ലഗേജുകളും മറ്റും നനയും. പലരും അപ്പർ ബെർത്തുകളിൽ കയറിയാണ് യാത്ര ചെയ്യുന്നത്. വയോധികരും അസുഖബാധിതരും വെള്ളത്തിൽ നിന്നുകൊണ്ടാണ് യാത്ര ചെയ്യുന്നത്. പലരും വൈദ്യുതാഘാതമേൽക്കുമോ എന്ന ഭയത്തിലാണ്.

അതേസമയം, ചോർച്ചയെപ്പറ്റി പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു. സംസ്ഥാനത്ത് റെയിൽവേയുടെ ഏറ്റവും മോശപ്പെട്ട കോച്ചുകളാണ് അനുവദിക്കുന്നതെന്ന് യാത്രക്കാർ ആരോപിച്ചു. മലബാറിലേക്കുള്ള ട്രെയിനുകളുടെ അവസ്ഥ ശോചനീയമാണ്. ജനശതാബ്ദിയിലടക്കം കാലപ്പഴക്കം ചെന്ന കോച്ചുകളാണ്. തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കുള്ള മുഴുവൻ ട്രെയിനുകളും മിക്ക ദിവസവും മുഴുവൻ യാത്രക്കാരുണ്ടെങ്കിലും അതിനനുസരിച്ച് യാത്രാ സൗകര്യം ഒരുക്കുന്നില്ല. തിരക്കൊഴിവാക്കാൻ മെച്ചപ്പെട്ട കൂടുതൽ ട്രെയിനുകൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

നേരത്തെ പുതിയതായി സർവിസ് തുടങ്ങിയ വന്ദേഭാരത് എക്‌സ്പ്രസിലും ചോർച്ചയുണ്ടായിരുന്നു. അന്ന് അറ്റകുറ്റപ്പണി നടത്തി ചോർച്ച അടച്ചാണ് യാത്ര തുടർന്നത്. അന്നും റെയിൽവേക്കെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *