Cancel Preloader
Edit Template

‘വാച്ചർമാർക്ക് സുരക്ഷയ്ക്കായി തോക്ക് നൽകണം അജീഷിന്റെ മകൾ’; മരിച്ചവരുടെ വീടുകൾ സന്ദര്‍ശിച്ച് മന്ത്രിമാര്‍

 ‘വാച്ചർമാർക്ക് സുരക്ഷയ്ക്കായി തോക്ക് നൽകണം അജീഷിന്റെ മകൾ’; മരിച്ചവരുടെ വീടുകൾ സന്ദര്‍ശിച്ച് മന്ത്രിമാര്‍

വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്, തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണന്‍, വെളളമുണ്ട പുളിഞ്ഞാല്‍ സ്വദേശി തങ്കച്ചന്‍ എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം-വെള്ളച്ചാലില്‍ സ്വദേശി പോള്‍, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.

വീടുകളില്‍ എത്തിയ മന്ത്രിമാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ജില്ലാ കളക്ടര്‍ ഡോ രേണു രാജ്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നതിനിടെയാണ് ഇന്ന് മന്ത്രിതല സംഘം വയനാട്ടിലെത്തിയത്. മന്ത്രിതല യോഗത്തിനുശേഷമായിരുന്നു മരിച്ചവരുടെ വീടുകളില്‍ മന്ത്രിമാരെത്തിയത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ വനംമന്ത്രിക്കുനേരെ സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് കരിങ്കൊടി പ്രതിഷേധമുണ്ടായി.

പ്രജീഷിന് സര്‍ക്കാരിന്‍റെ നഷ്ടപരിഹാര തുകയില്‍ നല്‍കാനുള്ള അഞ്ച് ലക്ഷം കൂടി കൈമാറി. മാനന്തവാടിയിൽ കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ വീട്ടിലാണ് പിന്നീട് മന്ത്രിമാര്‍ എത്തിയത്. മന്ത്രിമാര്‍ക്ക് മുന്നില്‍ വൈകാരികമായാണ് അജീഷിന്‍റെ മക്കള്‍ പ്രതികരിച്ചത്. കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്‍റെ മകൻ പറഞ്ഞു. വോട്ട് ചോദിച്ച് മാത്രം വന്നിട്ട് കാര്യമില്ലലോ എന്നും ഞങ്ങള്‍ കാട്ടിലേക്ക് പൊക്കാളോമെന്നും അജീഷിന്‍റെ ബന്ധുക്കള്‍ മന്ത്രിമാരോട് വൈകാരികമായി പ്രതികരിച്ചു. വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്‍റെ മകൾ മന്ത്രിമാരോട് ആവശ്യപ്പെട്ടു. വാച്ചർമാർക്ക് മുളവടി പോരെന്നും സുരക്ഷയ്ക്കായി തോക്ക് കൊടുക്കണമെന്നും അജീഷിന്‍റെ മകള്‍ പറഞ്ഞു. ഇനി ഒരാൾക്കും എന്‍റെ ഗതി വരരുതെന്ന് അജീഷിന്‍റെ അച്ഛൻ മന്ത്രിമാരോട് കണ്ണീരോടെ പറഞ്ഞു. ആനയെ ഇത്രയും ദിവസമായിട്ടും വെടിവെച്ചില്ല. ഇതുവരെ സമാധാനിപ്പിക്കാൻ പോലും ആരും വന്നില്ലല്ലോയെന്നും മന്ത്രിമാര്‍ക്ക് മുന്നില്‍ വിതുമ്പികൊണ്ട് അജീഷിന്‍റെ അച്ഛൻ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *