സ്റ്റേഡിയങ്ങളുടെ ദുരവസ്ഥ; കാരണം വെളിപ്പെടുത്തി കായിക മന്ത്രി

കേരളത്തിലെ മൈതാനങ്ങളുടെ മോശം അവസ്ഥയെ കുറിച്ച് പ്രതികരിച്ച് കായിക മന്ത്രി. സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം നിർമ്മാണ കരാർ ഏറ്റെടുത്ത ഏജൻസികൾ ആണ് എന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഏജൻസികളെ മാറ്റി മോശം അവസ്ഥയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം സർക്കാർ ഏറ്റെടുക്കും. അതിവേഗത്തിൽ സ്റ്റേഡിയങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കിറ്റ്കോ ആണ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണിയും മറ്റും ഏറ്റെടുത്തത്. ഇതില്‍ കിറ്റ്കോ വലിയ കാലതാമസം ഉണ്ടാക്കി. അത്തരത്തിൽ ഉള്ള എല്ലാ സ്റ്റേഡിയങ്ങളും സർക്കാർ ഏറ്റെടുക്കും.
ഏജൻസികളെ ഒഴിവാക്കും. സർക്കാർ നേരിട്ട് ഏറ്റെടുത്തു നിർമ്മാണം പൂർത്തിയാക്കും. ചെങ്ങന്നൂർ സ്റ്റേഡിയം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ആലപ്പുഴ സ്റ്റേഡിയം ടെൻഡർ വിളിച്ചു കഴിഞ്ഞു. അധികം വൈകാതെ പണികൾ പൂർത്തിയാക്കും. സംസ്ഥാനത്ത് ഇനിയും പുതിയ സ്റ്റേഡിയങ്ങൾ വരും. നിലവിൽ ഉള്ള സ്റ്റേഡിയങ്ങൾ പരിപാലിക്കും. അതിനുള്ള ഫോർമുല ഉണ്ടാക്കും. പഞ്ചായത്ത് തലങ്ങളിലും സ്റ്റേഡിയം വരും. എല്ലാ പഞ്ചായത്തിലും കളിക്കളം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.