Cancel Preloader
Edit Template

മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

 മെസിയുടെ കേരള സന്ദര്‍ശനം, കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായികമന്ത്രി

തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെയും നായകന്‍ ലിയോണല്‍ മെസിയുടെയും കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതി കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബറിലായിരിക്കും മെസി അടങ്ങുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്.നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്‍റീനക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച അഭൂതപൂര്‍വമായ പിന്തുണക്ക് നന്ദി അറിയിച്ച അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണ് അര്‍ജന്‍റീന ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ തയാറാണെന്ന് ഇന്ത്യൻ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചത്. എന്നാല്‍ മത്സരത്തിനുള്ള ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഈ വാഗ്ദാനം നിരസിച്ചു. ഇതിന് പിന്നാലെയാണ് അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചത്.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് കേരളം അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് മെയില്‍ അയച്ചിരുന്നു. പിന്നാലെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഈ ക്ഷണം സ്വീകരിക്കുകയും അര്‍ജൻറീന ഫുട്ബോള്‍ അസോയിയേഷന്‍ ഭാരവാഹികളും കായികമന്ത്രി വി അബ്ദുറഹിമാനും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയില്‍ അര്‍ജന്‍റീന അംബാസഡറെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ ഫുട്ബോള്‍ വികസനത്തിന് അര്‍ജന്‍റീനയുമായി സഹകരിക്കുന്നതിന് താല്‍പര്യം അറിയിച്ചിരുന്നു. 

കേരളത്തിലെത്തുന്ന അര്‍ജന്‍റീന ടീമിനൊപ്പം മെസിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോര്‍ട്സ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്‍റെ നിരയന്തരമായ ഇടപെടല്‍ കൊണ്ടാണെന്നും കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 2011ല്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീം ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *