തായ്‌വാനിൽ വൻ ഭൂകമ്പം; ജപ്പാൻ, ഫിലിപ്പീൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്

ടോക്കിയോ: തായ്വാനില്‍ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 25 വർഷത്തിനിടെ തായ്‌വാനിൽ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ്. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്‌പേയിലാണ് ഭൂചലനമുണ്ടായത്. ജപ്പാൻ്റെയും ചൈനയുടെയും ചില ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി.
പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ഭൂകമ്പമുണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് പ്രകാരം തായ്‌വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ (11 മൈൽ) അകലെയാണ് ഭൂകമ്പമുണ്ടായത്. 34.8 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ തായ്‌പേയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.
ഭൂകമ്പത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മിയാകോജിമ ദ്വീപ് ഉൾപ്പെടെയുള്ള പ്രദേശത്തെ വിദൂര ജാപ്പനീസ് ദ്വീപുകളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾക്ക് ജപ്പാൻ്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത്, മെട്രോ കുറച്ച് സമയത്തേക്ക് ഓട്ടം നിർത്തിയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ പുനരാരംഭിച്ചതായി കാണപ്പെട്ടു, അതേസമയം ഗ്യാസ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാൻ താമസക്കാർക്ക് അവരുടെ പ്രാദേശിക ബറോ മേധാവികളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
1999 സെപ്റ്റംബറിലാണ് തായ്‌വാനിൽ ഇതിന് മുൻപ് വലിയ ഭൂകമ്പം ഉണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദ്വീപിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തമായിരുന്നു. അന്ന് ഏകദേശം 2,400 പേരാണ് ഭൂകമ്പത്തിൽ മരിച്ചത്.