വയനാട്ടിൽ മാവോയിസ്റ്റുകൾ; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. പൊലിസ് അന്വേഷിക്കുന്ന സി.പി മൊയ്‌തീൻ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്.
സി.പി മൊയ്തീനൊപ്പം മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചതായും നാട്ടുകാർ പറഞ്ഞു.
തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷൻ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകൾ എത്തിയത്. നാട്ടുകാരുമായി സംസാരിച്ച സംഘം ശേഷം മക്കിമല ഭാഗത്തേക്ക് നീങ്ങിയതായാണ് വിവരം. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു
മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ വനം വികസന കോർപറേഷന്‍റെ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചുതകർത്തിരുന്നു. പിന്നീട് കമ്പമല ഭാഗത്തു നിന്ന് രണ്ട് പേരെ പിടികൂടി. ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയിൽ എത്തിയത്. പ്രദേശത്ത് കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.