ആരും വേണ്ട; ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന് മമതാ ബാനർജി
പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ സീറ്റ് വിഭജന ചർച്ചകള്‍ക്ക് കനത്ത തിരിച്ചടി.പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനർജി.ബംഗാളിൽ ഒറ്റയ്ക്ക് പോരാടുമെന്ന്എ പ്പോഴും പറഞ്ഞിട്ടുള്ളതാണെന്ന് മമത.കോൺഗ്രസുമായി ചർച്ചയൊന്നും ചെയ്തിട്ടില്ലെന്നും ബിജെപിയെ ബംഗാളിൽ ഒറ്റയ്ക്ക് നേരിട്ടു കൊള്ളാമെന്നുമാണ് മമതയുടെ പ്രതികരണം.അതേസമയം “ഞാൻ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും , രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര എന്റെ സംസ്ഥാനത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടില്ല’ മമത ബാനർജി പറഞ്ഞു.ഇതിനിടെ ബംഗാളിലെ കൂച് ബിഹാർ മേഖലയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്ററുകൾ തൃണമൂൽ പ്രവർത്തകർ കീറിക്കളഞ്ഞുവെന്ന് സംസ്ഥാന കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ടി എം സി ആരോപണങ്ങൾ തള്ളി.
തൃണമൂൽ, കോൺഗ്രസ്, സിപിഎം എന്നിങ്ങനെ മൂന്ന് പ്രധാന പാർട്ടികൾക്ക് സാന്നിധ്യമുള്ള സംസ്ഥാനമാണ് ബംഗാൾ. ഇവർക്കിടയിൽ സീറ്റ് വിഭജന ചർച്ചകൾ നേരത്തെ നടന്നിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ ദേശീയ സഖ്യ സമിതിയുമായി ചർച്ചയിൽ ഏർപ്പെടാൻ വിസമ്മതിച്ച തൃണമൂൽ, പാർട്ടിക്ക് രണ്ട് സിറ്റിങ് സീറ്റുകൾ മാത്രമായിരിന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.
2019-ൽ ടിഎംസിക്കും ബിജെപിക്കുമെതിരെ തനിയെ പോരാടിയാണ് ആ സീറ്റുകൾ നേടിയതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും എംപിയുമായ അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അവിടെ വീണ്ടും ജയിക്കാൻ മമതയുടെ ഔദാര്യമോ കൃപയോ ആവശ്യമില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അവസാനം നടന്ന 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ ആകെയുള്ള 42 സീറ്റുകളിൽ 22 സീറ്റുകൾ ടിഎംസിയും 18 എണ്ണം ബിജെപിയും നേടിയിരുന്നു. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് സീറ്റുകളൊന്നും നേടാൻ സാധിച്ചിരുന്നില്ല.